Skip to main content

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി പിന്‍വലിക്കുക

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി 
വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കുക
ജനസഭയും നിയമസഭാ മാർച്ചും ഏപ്രിൽ 3-4 തീയതികളിൽ തിരുവനന്തപുരത്ത്‌

2008-ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍  പുറത്തിറക്കിയ ഓര്‍ഡിനന്‍സ്  നിയമമാക്കാതെ പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഫലത്തില്‍ 2008-ലെ നിയമത്തെ അട്ടിമറിക്കുന്നതാണ്. 2008-ലെ നിയമത്തിന്റെ ഭാഗമായി ഉണ്ടാകേണ്ട നെല്‍വയല്‍ നീര്‍ത്തട ഡേറ്റാബാങ്ക് 10 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അധികാരത്തില്‍ വന്ന് 6 മാസത്തിനകം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കുറ്റമറ്റ ഡേറ്റാബാങ്ക് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നാണ് എല്‍.ഡി.എഫ്. പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന ഭേദഗതിപ്രകാരം ഡേറ്റാബാങ്ക് വഴി വിജ്ഞാപനം ചെയ്യപ്പെടാത്ത നിലം അതിന്റെ ന്യായവിലയുടെ പകുതി അടച്ച് എത്രവേണമെങ്കിലും നികത്താവുന്നതാണ്. മാത്രമല്ല 10 സെന്റുവരെ നികത്തുന്നതിന് യാതൊരു അനുമതിയും ആവശ്യമില്ലതാനും. ഡേറ്റാബാങ്ക് പ്രസിദ്ധീകരിക്കാനായി ഒന്നും ചെയ്യാതെ അതില്‍ ഉള്‍പ്പെടാത്ത വയല്‍ നികത്താം എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്? സംസ്ഥാനത്ത് നെല്‍വയല്‍ വിസ്തൃതി ഓരോ വര്‍ഷവും ഭീതിതമായവിധം കുറഞ്ഞുവരികയാണ്. പ്ലാനിംഗ് ബോര്‍ഡിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് നെല്‍വയല്‍ വിസ്തൃതിയില്‍ 13 ശതമാനവും നെല്ലുല്പാദനത്തില്‍ 21 ശതമാനവും കുറവു വന്നിട്ടുണ്ട്. വേനല്‍ച്ചൂടും കുടിവെള്ളക്ഷാമവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമാകുമെന്നാണ് ഈ വര്‍ഷം ഇതുവരെയുള്ള കാലാവസ്ഥാസൂചന. നെല്‍വയലുകളും മറ്റു തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നതും അതിനായി കുന്നിടിക്കുന്നതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും എന്നു പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തില്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമ ഭേദഗതി ഓര്‍ഡിനന്‍സ് നിയമമാക്കാതെ പിന്‍വലിക്കണമെന്ന് പരിഷത്ത്‌ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. 
ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് സര്‍ക്കാരിനു നിവേദനം നല്‍കുകയും ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണകള്‍ സംഘടിപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ അതു പരിഗണിക്കാതെ കേരളനിയമസഭയുടെ  നടപ്പു സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കാനായി ലിസ്റ്റു ചെയ്തിട്ടുള്ളതായി കാണുന്നു. ഇതിൽ പ്രതിഷേധിക്കാനും ഇക്കാര്യം വ്യാപക ചര്‍ച്ചയ്ക്കു വിധേയമാക്കുന്നതിനായി തിരുവനന്തപുരത്ത് ഏപ്രിൽ 3-4 തീയതികളിൽ ജനസഭയും നിയമസഭാ മാർച്ചും ചേരുന്നതിന് തീരുമാനിച്ചു. 
പരിഷത്ത്‌ പ്രവർത്തകരെ കൂടാതെ നിരവധി പരിസ്ഥിതി പ്രവർത്തകരും പങ്കെടുക്കും. ജില്ലകളിൽ വ്യാപകമായ പ്രതിഷേധപരിപാടികള്‍ നടന്നുവരുന്നു

Comments

Popular posts from this blog

മലയാള ഭാഷാ സെമിനാർ - മുളന്തുരുത്തി

മുളന്തുരുത്തി ∙ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പരിഷത്തും മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച മലയാള ഭാഷാ സെമിനാർ പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാഷയുടെ കാര്യത്തിൽ‌, അധ്യയനത്തിലും അധ്യാപനത്തിലും വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്ന കാര്യത്തിലും പല കാലഘട്ടത്തിലും ഗുണപരമായ മാറ്റം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.  ‘മതേതരത്വം, ജനാധിപത്യം, മാതൃഭാഷ’ എന്ന വിഷയത്തിൽ ഡോ. സുമി ജോയി ഒ‍ാലിയപ്പുറം പ്രഭാഷണം നടത്തി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത് യൂണിറ്റ് സെക്രട്ടറി ജോസി വർക്കി, ലൈബ്രറി സെക്രട്ടറി കെ.കെ. സണ്ണി, കെ.എൻ. സുരേഷ്, പി.കെ. വാസു എന്നിവർ പ്രസംഗിച്ചു. സത്കലാ വിജയൻ കവിതാലാപനം നടത്തി. ---------------------------------------------------------------------------------------- കച്ചവട വിദ്യാഭ്യാസത്തിൽ കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസം ആർജ്ജിക്കാൻ സാധിക്കില്ല എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ: കാവുമ്പായി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു കേരള ശാസ്ത്രസാഹിത്യ പരിഷത്ത...

സംവാദം : 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും '

ഗാഡ്ഗിൽ റിപ്പോർട്ട്  ചർച്ച ചെയ്യപ്പെടേണ്ടത്  കാലത്തിന്റെ ആവശ്യം: മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടാതിരുന്നത് നമ്മൾ പരിസ്ഥിതിയുടെ രാഷ്ട്രീയം പരിഗണിക്കാത്തത് കൊണ്ടാണെന്നും ഇത് ഭാവിതലമുറയോടും പരിസ്ഥിതിയോടും  കാട്ടുന്ന ഉത്തരവാദിത്വമില്ലായ്മയാണ്  .കേരളത്തിൽ ഇനിയും പ്രളയം പ്രതീക്ഷിക്കാം . അത് തടയുന്നതിന് പരിഹാരമാർഗങ്ങൾ അന്വേഷിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടും കൂടി പരിഗണിക്കേണ്ടി വരും .   കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പരിസര സമിതി സംഘടിപ്പിച്ച 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും ' എന്ന സംവാദം വിലയിരുത്തി. പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ജോസി വർക്കി അദ്ധ്യക്ഷനായ സംവാദത്തിൽ പരിഷത്ത് നിർവാഹക സമിതിയംഗം ശ്രീ . ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി . ഇൻന്ത്യൻ നാഷണൽ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ . ആർ .ഹരി  , എഡ്രാക്ക് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ . എം . ടി . വർഗീസ് , പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖലാ  പ്രസിഡൻറ്  ഡോ . ഋഷിമോൻ എന്നിവർ പ്രതികരണങ്ങൾ നടത്തി . ചടങ്ങിൽ  അടുത്ത...

മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ 2019

ഇന്ന് 04-08-2019 മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ നടന്നു. 12 പേർ പങ്കെടുത്തു, സജീവമായ ചർച്ചകളും ഭാവിപ്രവർത്തന ആസൂത്രണവും നടന്നു. ജില്ലാ ജോയിന്റ് സെക്രെട്ടറി കെ എൻ സുരേഷ്, മേഖല കൺവീനർ പി കെ രഞ്ജൻ എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് പ്രൊഫ എം വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, 1 മണിയോടുകൂടി യോഗം അവസാനിച്ചു. 5 പേർ പുതിയ അംഗങ്ങൾ ആയിരുന്നു, രണ്ടു വനിതാ യുവ പ്രവർത്തകർ ബാലവേദി - വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താല്പര്യത്തോടെ ഏറ്റെടുത്ത് പ്രവർത്തിക്കാൻ താല്പര്യം കാണിച്ചത് പ്രതീക്ഷ ഉളവാക്കുന്നു.